Thursday, September 15, 2016

Parenting

Negative Parenting

കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ചെങ്ങന്നൂരിൽ നിന്നു കേട്ടത്. ജോയിയെന്ന സ്വന്തം പിതാവിനെ മകൻ ഷെറിൻ മുളക്കുഴയിൽ കാറിൽ വച്ചു തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം കത്തിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വെട്ടുകത്തി കൊണ്ട് കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേർപെടുത്തി ഓരോ ചാക്കിലാക്കി. കൈകളും കാലുകളും പമ്പയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിട്ടു. കുഞ്ഞു നാളിൽ തന്നെ എടുത്തു കൊണ്ടു നടന്ന കൈകൾ വെട്ടിമാറ്റുമ്പോൾ ഷെറിന്റെ കൈകൾ വിറച്ചില്ല, പിതാവിന്റെ ശരീരം ആറു കഷ്ണങ്ങളാക്കി മുറിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും പൊടിഞ്ഞുമില്ല. മനഃസാക്ഷി മരവിക്കുന്ന തരത്തിൽ പിതാവിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഷെറിന് ഒരു ലഹരിയുടെയും പിൻബലം വേണ്ടിവന്നില്ല. കാലങ്ങളായി മനസ്സിൽ കാത്തു വച്ച പക മുഴുവനും ജോയിയുടെ മൃതശരീരത്തോടു വീട്ടുകയായിരുന്നു മകൻ.

എന്ത് കൊണ്ട് ഇതു സംഭവിച്ചുവെന്നതിന്റെ മനഃശാസ്ത്ര വിശകലനത്തിനു മുമ്പ് ഇതുകൂടി വായിക്കുക. അറുപതു ലക്ഷം ജൂതരെ കൊന്നൊടുക്കുകയും രണ്ടാം ലോകമഹായുദ്ധത്തിനു തന്നെ കാരണക്കാരനാവുകയും ചെയ്ത ഹിറ്റ്‌ലറെ ലോകം കണ്ട വലിയ ദുഷ്ട പ്രതിഭയാക്കിയത് പിതാവാണെന്നാണ് ചരിത്രം. ഹിറ്റ്‌ലർ ഒരു സാധാരണ സർക്കാർ ജീവനക്കാരന്റെ മകനായിരുന്നു. മകൻ തന്നെപ്പോലെ ഒരു സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ, ചിത്രകലയിലായിരുന്നു ഹിറ്റ്‌ലറുടെ താൽപര്യം. ആ കഴിവിനെ അംഗീകരിക്കാൻ പിതാവ് തയ്യാറായില്ല. ഹിറ്റ്‌ലറുടെ കുട്ടിക്കാലത്ത് പിതാവ് ക്രൂര മർദനങ്ങൾ അഴിച്ചുവിട്ടു. ചാട്ടവാറു കൊണ്ട് നിർദയം പ്രഹരിച്ചു. പട്ടാളച്ചിട്ടയിലാണ് അദ്ദേഹം ഹിറ്റ്‌ലറെ വളർത്തിയത്. ഒരുദിവസം ക്ലാസിൽ കയറിയില്ല എന്ന കുറ്റത്തിന് ഒരു മരത്തോട് ചേർത്തു വരിഞ്ഞു കെട്ടി ബോധം കെടുന്നതുവരെ അപ്പൻ തല്ലുകയുണ്ടായി. കാലിൽ വീണു കേഴുകയും തറയിൽ കിടന്ന് മൂത്രമൊഴിക്കുകയും ചെയ്യും വരെ അദ്ദേഹം അവനെ മർദിക്കാറുണ്ടായിരുന്നു.
ലോകം കണ്ട ഏറ്റവും വിനാശകരമായ പുസ്തകം ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ൻകാഫ് ആണെന്നാണു കരുതുന്നത്. ആ പുസ്തകത്തെ പ്രസിദ്ധ അമേരിക്കൻ പത്രാധിപരും നിരൂപകനുമായ നോർമൻ കസിൻസ് വിശേഷിപ്പിച്ചതിങ്ങനെ: 'ഓരോ വാക്കിലും നഷ്ടമായത് 12 ജീവിതങ്ങൾ. ഒരു പേജിന് 47,000 മരണം. ഓരോ അധ്യായത്തിനും 12,00,000 മരണം.'

ഈ പുസ്തകത്തിൽ തന്റെ ബാല്യകാലാനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ഹിറ്റ്‌ലറിന് അഞ്ചു വയസ്സായപ്പോൾ അമ്മ സ്വന്തം വീട് വിട്ട് എങ്ങോട്ടോ പോയി. അപ്പൻ തരുന്ന ചാട്ടവാറടി നിശ്ശബ്ദമായി നിന്നു ഹിറ്റ്‌ലർ എണ്ണിക്കൊണ്ടിരുന്നു. നായ്ക്കളെ വിളിക്കുന്ന മാതിരി വിരലുകൾ വായിൽ തിരുകി വിസിലടിച്ചാണ് ആ പിതാവ് അവനെ വിളിച്ചിരുന്നതുപോലും. അപ്പനോട് പകരം വീട്ടാനും പാഠം പഠിപ്പിക്കുവാനും കരുതിക്കൂട്ടി ഹിറ്റ്‌ലർ പഠനം ഉഴപ്പിയതായി ജീവിത ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. വേദനയും പ്രയാസവും പ്രകടിപ്പിക്കാൻ ബാല്യകാലത്ത് ഹിറ്റ്‌ലറിന് അനുവാദമുണ്ടായിരുന്നില്ല. പിന്നീട് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായി മാറിയപ്പോഴാകട്ടെ, തന്റെ കൊടും ക്രൂരതകൾ നിമിത്തം കൊടിയ ദുരിതവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മനുഷ്യരോട് അദ്ദേഹത്തിന് അനുകമ്പയോ ദയയോ തോന്നിയില്ല.
എന്നാൽ ഷെറിന്റെ ജീവചരിത്രം നോക്കൂ: പിതാവിനു നേരെ തോക്കുചൂണ്ടാൻ ഷെറിനെ പ്രേരിപ്പിച്ചതു ചെറുപ്പം മുതലുള്ള അടങ്ങാത്ത പകയാണത്രെ. പ്രായമേറുന്തോറും ജോയിയുടെ ഭാഗത്തു നിന്നുള്ള പീഡനവും ഷെറിന്റെ പകയും വളരുകയായിരുന്നു. പൊലീസിന്റെ വാർത്താ സമ്മേളനത്തിൽ അക്ഷോഭ്യനായി നിലകൊണ്ട ഷെറിൻ പിതാവിന്റെ പീഡനക്കാര്യം പറയുമ്പോൾ പല്ലിറുമ്മുന്നുണ്ടായിരുന്നു. ഇത്രയും പകയ്ക്കു കാരണം അച്ഛനും മകനും തമ്മിൽ ചെറുപ്പം മുതലുള്ള അകൽച്ചയായിരുന്നു. എയർഫോഴ്‌സ് ജീവനക്കാരനായിരുന്ന ജോയ് വീട്ടിൽ കർക്കശക്കാരനായിരുന്നു. ചെറുപ്പത്തിൽ ജോയ് ഷെറിനെ ക്രൂരമായി മർദിക്കുമായിരുന്നുവത്രെ. തന്നോളം വളർന്നിട്ടും ഷെറിനെ ജോയ് തല്ലുമായിരുന്നു. ചെറുപ്പം കഴിഞ്ഞതോടെ തർക്കം പണത്തിന്റെ പേരിലായി. തന്റെ സ്വത്തിൽ ഒരു ഭാഗം പോലും തരില്ലെന്നു ജോയ് ഷെറിനോടു പറഞ്ഞിരുന്നു. സ്വത്തുക്കൾ അനാഥാലയത്തിനു നൽകിയാലും നിനക്കു തരില്ല എന്നു ജോയ് ആവർത്തിച്ചപ്പോൾ ഷെറിന്റെ പക കൂടി. പലപ്പോഴും വീടിനു പുറത്തായിരുന്നു അവന്റെ സ്ഥാനം. അമ്മയും അനിയനും അമേരിക്കയിൽ നിന്നു വരുമ്പോൾ ചെങ്ങന്നൂരിലെ വീട്ടിൽ നിന്നു അവൻ മാറി താമസിക്കണമെന്നു ജോയ് നിർദേശിച്ചു. ഇതേ തുടർന്നു തിരുവല്ലയിലെ ഹോട്ടലിലായി ഷെറിന്റെ വാസം. വീട്ടിലെ മാനേജരിൽ നിന്നു വൗച്ചർ എഴുതി പണം വാങ്ങണമെന്നും ജോയ് നിർദേശിച്ചു. അതിനിടെ വാടക നൽകിയ ചെക്ക് തിരിച്ചു വന്നു. ഈ പണം കടക്കാരനിൽ നിന്നു ഷെറിൻ വാങ്ങിച്ചുവെന്നതാണ് അവസാനത്തെ തർക്കത്തിനു കാരണം.

ഹിറ്റ്‌ലറോടും ഷെറിനോടും പിതാവ് കാണിച്ച രീതിയിലുള്ള സമീപനങ്ങൾ ഇന്ന് പല വീടുകളിലും മാതാപിതാക്കൾ തന്നെയും ചിലപ്പോൾ അവർ പുനർവിവാഹം ചെയ്തവരും മക്കളോട് കാണിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. മക്കൾ പഠനത്തിൽ മറ്റുള്ളവരെക്കാൾ മുന്നിലെത്തണമെന്ന അത്യാർത്തി മാതാപിതാക്കൾക്കുണ്ടാവുമ്പോഴും ഒരു മാർക്ക് കുറഞ്ഞുപോവുമ്പോഴും അക്ഷരങ്ങൾ തെറ്റുമ്പോഴും ക്രൂര പീഡനങ്ങൾ നടത്തുന്ന രക്ഷിതാക്കൾ പുതിയ ഹിറ്റ്‌ലർമാരെ സൃഷ്ടിക്കുകയാണെന്നറിയുന്നില്ല.

കുട്ടികളുടെ മനസ്സിൽ മുറിവുണ്ടാക്കിയാൽ വരുന്ന ഭവിഷ്യത്തും മുറിവുണ്ടാക്കുന്നവർ അതുണ്ടാക്കാനുള്ള കാരണവും മനഃശാസ്ത്രപരമായി നമുക്ക് വിലയിരുത്താം. ഒരു വ്യക്തിയുടെ ഉള്ളിലേറ്റ വൈകാരിക മുറിവ് ഉണങ്ങാത്തിടത്തോളം കാലം അയാൾ സ്വയം വേദനിച്ചോ മറ്റുള്ളവരെ വേദനിപ്പിച്ചോ കഴിയും. സാധാരണഗതിയിൽ ഒരാഴ്ചക്കുള്ളിലോ ഒരു മാസം കൊണ്ടോ ആ വേദനയുടെ അനുഭവം അവർ മറന്നേക്കാം. വേദനക്ക് അൽപമെങ്കിലും ആശ്വാസം കിട്ടണമെങ്കിൽ അവരതു മറന്നേ മതിയാവൂ. മനഃശാസ്ത്രജ്ഞന്മാർ ഇതിനെ അടിച്ചമർത്തൽ (Suppression) എന്നു പറയുന്നു. അടിച്ചമർത്തൽ യഥാർത്ഥത്തിൽ വേദനയെ ഇല്ലാതാക്കുകയോ വൈകാരിക മുറിവിനെ ഉണക്കുകയോ ചെയ്യുന്നില്ല. മറിച്ച് വേദനയുടെ ഓർമയെ ബോധ മനസ്സിൽ നിന്നു അകറ്റിനിർത്തുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ ആ വേദന അബോധമനസ്സിൽ ഭവിക്കുകയും വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കത്തക്ക വിധത്തിൽ അവരുടെ പെരുമാറ്റത്തെ വിവിധ തരത്തിൽ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാനഡയിലെ ന്യൂറോ സർജനായിരുന്ന ഡോക്ടർ പെൻഫീൽഡ് തലച്ചോർ ശസ്ത്രക്രിയയ്ക്കു വിധേയമാകേണ്ടിയിരുന്ന ഏതാനും രോഗികളിൽ ചില പഠനങ്ങൾ നടത്തി. കുട്ടികൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം തലച്ചോറിൽ ലിഖിതമാകുന്നു. തലച്ചോറിൽ റിക്കാർഡ് ചെയ്യുന്നവ പിന്നീട് അവന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം കണ്ടെത്തി. കുട്ടിക്കാലത്തെ പീഡനങ്ങൾ കുട്ടികൾക്ക് വിവേചിച്ചറിയാൻ കഴിയാത്തതുകൊണ്ട് തന്നെ എത്ര നിസ്സാരമായ തിരിച്ചടിയും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നതാണ്.

രണ്ടു വയസ്സിന് മുമ്പ് കുട്ടികളെ ശിക്ഷിക്കാത്ത രക്ഷിതാക്കൾ വിരളമാണ്. നിസ്സാര കാരണത്തിനുപോലും കൈ കൊണ്ടെങ്കിലും അടിച്ചിരിക്കും. സ്‌കൂൾ പഠനകാലമാകുമ്പോൾ വായിക്കാത്തതിനും എഴുതാത്തതിനും മാർക്ക് കുറഞ്ഞതിനും ശകാരവും ശിക്ഷയുമായി കുടുംബാന്തരീക്ഷം മലിനപ്പെടുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന പഠനം രക്ഷിതാക്കൾ നടത്തുന്നില്ല. കാരണം രക്ഷിതാവാകാനുള്ള പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാതെയാണ് ഈ റോളിലേക്ക് വരുന്നത്. ഹിറ്റ്‌ലറിന് പോസിറ്റീവ് സ്‌ട്രോക്കല്ല, മറിച്ച് നെഗറ്റീവ് സ്‌ട്രോക്കായിരുന്നു ലഭിച്ചത്.
പൊട്ടൻ, മരമണ്ടൻ, മന്ദബുദ്ധി, പിശാച്, ഇബ്‌ലീസ്, ജന്തു, പഹയൻ തുടങ്ങിയ പേരുകൾ കൊണ്ട് കുട്ടികളെ അഭിസംബോധനം ചെയ്യുന്നവർ ഓർക്കുക. ഭാവിയിൽ മറ്റൊരു ഹിറ്റ്‌ലറെ നിങ്ങൾ വാർത്തെടുക്കുകയാണ്. ഒരു വ്യക്തിയുടെ വാക്കിനാലും പ്രവൃത്തിയാലും മറ്റൊരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന മുറിവ് നെഗറ്റീവ് സ്‌ട്രോക്കാണ്. ഇത് ചിലപ്പോൾ വിപരീത ഫലം ഉളവാക്കും. ചെറുതും വലുതുമായ നിരവധി നെഗറ്റീവ് സ്‌ട്രോക്കുകൾ നാം മറ്റുള്ളവർക്ക് നൽകിക്കൊണ്ടിരിക്കുന്നു. ഒരു വസ്തുവിനെയും നിരാശപ്പെടുത്തരുത്. ശപിക്കരുത്, ആക്ഷേപിക്കരുത്. അത് മറ്റുള്ളവരെ അക്രമത്തിലേക്കും പകയിലേക്കും പിണക്കത്തിലേക്കും നയിക്കും. കുഞ്ഞുങ്ങളിൽ കാണുന്ന തെറ്റിനെ നിശിതമായി വിമർശിക്കുന്നതിനു പകരം ലളിത ശൈലിയിൽ ബോധ്യപ്പെടുത്തികൊടുത്താൽ നന്നായിരിക്കും. ശപിക്കുന്നതും മറ്റും ഒരിക്കലും യോജിച്ചതല്ല. 1952-ൽ ന്യൂയോർക്കിലെ തെരുവുകളിലൂടെ ഒരു പന്ത്രണ്ടു വയസ്സുകാരൻ അലഞ്ഞു നടക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹമവനെ കൂടെ കൂട്ടി. അവനെ പുനരധിവസിപ്പിക്കാനായി അദ്ദേഹം പല സ്ഥാപനങ്ങളിലും ചെന്നു. പക്ഷേ, ആരും സ്വീകരിച്ചില്ല. നിർവാഹമില്ലാതെ അവൻ തെരുവിലേക്ക് തന്നെ മടങ്ങി. ആരുടെയും സ്‌നേഹം ലഭിക്കാതെ അനാഥനായി വളർന്ന ആ കുട്ടി എല്ലാ ദുഷ്ട സ്വഭാവങ്ങൾക്കും അടിമയായി. മോഷണവും പിടിച്ചുപറിയും നടത്തി ജീവിച്ചു. അവനാണ് അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലയാളിയായ ലീഹാർവെ ഓസ്‌വാൾഡ്.

കുട്ടികൾക്ക് കിട്ടുന്ന അവഗണനകൾ, നെഗറ്റീവ് സ്‌ട്രോക്കുകൾ നിരവധിയാണ്. മണ്ടൻ, പൊട്ടൻ, എന്തിനാണ് നീ സ്‌കൂളിൽ പോവുന്നത്? പോത്തുപോലെ കയറിവരുന്നു, എന്താടോ പഠിച്ചാല്? വല്ല ഹോട്ടൽ ജോലിക്കും പോയിക്കൂടായിരുന്നോ? പൊട്ടനെപ്പോലെ ഇരിക്കും, മനുഷ്യന്റെ സൈ്വര്യം കെടുത്തുന്നു, പറഞ്ഞാൽ തിരിയാത്ത ജന്തു, നീയൊന്നും പഠിച്ചിട്ട് കാര്യമില്ല, നിന്നെക്കൊണ്ടൊന്നും ആവില്ല, തിന്നാൻ മാത്രം അറിയാം! പത്താം ക്ലാസിൽ എത്തുന്നതിനു മുമ്പ് പലപ്പോഴും കുട്ടികൾക്ക് ലഭിക്കുന്ന നെഗറ്റീവ് സ്‌ട്രോക്കുകളാണിവ. ഇത് അവരുടെ ഉപബോധ മനസ്സിലേക്ക് തള്ളിവിടുന്നു. അതുപോലെ ആവാൻ ശ്രമിക്കുന്നു. അവരുടെ മനസ്സ് സ്‌കാൻ ചെയ്യാൻ രക്ഷിതാക്കൾ തയ്യാറാവുന്നുവെങ്കിൽ വായിച്ചെടുക്കാൻ ചില വാചകങ്ങളുണ്ടാകുമായിരുന്നു. ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം, എനിക്ക് എന്തിനാണ് ഇവർ ജന്മം നൽകിയത്? മരിച്ചാൽ മതിയായിരുന്നു! നാട് വിട്ട് പോയാൽ കൊള്ളാം. തുടങ്ങിയവ അവരുടെ മനസ്സിൽ തിളച്ചു മറിയുന്നുണ്ടാകും.

ഭക്ഷണവും വസ്ത്രവും മറ്റു കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നു. അതേ സ്ഥാനത്ത്, നെറ്റിയിൽ ഒരു ചുംബനം മാതാപിതാക്കളിൽ നിന്നു ലഭിക്കുന്നില്ല. പരീക്ഷയിൽ പാസായ വിവരം വന്നുപറയുമ്പോൾ ഒരു ഷൈക്ഹാൻഡ് കിട്ടുന്നില്ല. സ്ലേറ്റിൽ 'വലിയ ശരി' വാങ്ങി വരുന്ന കുഞ്ഞിനു  'വളരെ നന്നായിട്ടുണ്ട് മോനേ' എന്ന അംഗീകാരത്തിന്റെ വചനം ലഭിക്കുന്നില്ല. സ്റ്റേജിൽ കയറി ഗാനമാലപിച്ചു കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ തോളിൽ തട്ടി 'ഇനിയും ഉഷാറാവണം, പാട്ട് ഞാൻ ആസ്വദിച്ചു' എന്ന അഭിനന്ദനം കുട്ടികളെ തേടിയെത്തുന്നില്ല. സ്‌നേഹ സ്പർശനവും നോട്ടവും ആലിംഗനവും തലോടലും പഞ്ചേന്ദ്രിയം ആഗ്രഹിക്കുന്നു. സ്‌നേഹത്തിന് ഓരോരുത്തരും ദാഹിക്കുന്നു. അതു ലഭിക്കാതിരിക്കുമ്പോൾ വികൃതിയിലൂടെ നെഗറ്റീവ് സ്‌ട്രോക്ക് ചോദിച്ചുവാങ്ങുന്നു.

ശിശു ഒരു തൈച്ചെടിയാണ്. അതിന്റെ വളർച്ചയ്ക്ക് ആവശ്യമുള്ള വളവും വെള്ളവും മഞ്ഞും സൂര്യ പ്രകാശവുമെല്ലാം യഥാവസരം ലഭിക്കുന്നില്ലെങ്കിൽ ആ ചെടിനാമ്പ് കരിഞ്ഞ് ഉണങ്ങിപ്പോകും. നമ്മുടെ കുഞ്ഞുങ്ങൾ വളരുന്നത് എങ്ങനെയുള്ള മണ്ണിലാണ്? അവരുടെ വളർച്ചക്കാവശ്യമായ അനുകൂല സാഹചര്യങ്ങൾ ലഭിക്കുന്നുണ്ടോ? ചെടി നനയ്ക്കുന്നതിന് രണ്ട് രീതിയിൽ വെള്ളം ഒഴിക്കാം. ഒരു ബക്കറ്റ് നിറയെ വെള്ളം ചെടിയുടെ മുരടിൽ സാവധാനം ഒഴിച്ച് കൊടുക്കുന്നു. അത് ചെടിയുടെ വളർച്ചയ്ക്ക് സഹായകമാകും. അതേസ്ഥാനത്ത് വെള്ളം മുഴുവൻ ചെടിയുടെ മുകളിലൂടെ ശക്തിയിലൊഴിക്കുന്നുവെങ്കിലോ. ചെടി നശിക്കും. പരിലാളന കിട്ടുന്നില്ലെങ്കിൽ നട്ടെല്ല് ചുരുങ്ങിപ്പോകുമെന്ന പഴമൊഴി ഓർക്കുക.

കുട്ടികളെ സ്‌നേഹിച്ചാൽ മാത്രം പോരാ, സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് അവർക്ക് ബോധ്യപ്പെടണം! സ്പർശനത്തിന്റെയും തഴുകലിന്റെയും തലോടലിന്റെയും ആലിംഗനത്തിന്റെയും ഭാഷ മാത്രമേ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുകയുള്ളൂ. അത് ഇന്ന് പല കുഞ്ഞുങ്ങൾക്കും ലഭിക്കുന്നില്ല. ജനിച്ചയുടനെ കുഞ്ഞുങ്ങളോട് കാണിച്ച സമീപനമാണോ രണ്ടോ മൂന്നോ വയസ്സാകുമ്പോൾ നാം കാണിക്കുന്നത്? നബി(സ്വ) മക്കൾക്കിടയിൽ വിവേചനം കാണിച്ചിരുന്നില്ല. അവിടുന്ന് കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യാറുണ്ടായിരുന്നു. അവർക്ക് മാനസികോല്ലാസം ലഭിക്കുന്ന നല്ല കാര്യങ്ങളൊക്കെ ചെയ്യണം. അവരുടെ കുരുന്നു കരങ്ങളിൽ പോറലേൽക്കാതിരിക്കാൻ ശ്രമിക്കണം. സ്‌നേഹം നഷ്ടപ്പെടുന്നു എന്ന തോന്നൽ അവരിൽ സൃഷ്ടിക്കരുത്. തിരുനബി(സ്വ) നിസ്‌കരിക്കുന്ന ചില സമയത്ത് പോലും കുഞ്ഞുങ്ങളെ എടുത്തിരുന്നു. അല്ലാഹുവിന്റെ തിരുസന്നിധിയിൽ നിൽക്കുമ്പോൾ വരെ കുഞ്ഞുങ്ങളുടെ കാര്യം പ്രത്യേകം ഗൗനിച്ചിരുന്നു. അവരുടെ മനസ്സിൽ തന്നെ അവഗണിച്ചു എന്നു തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചെറുപ്പത്തിലുള്ള ഈ പെരുമാറ്റമത്രയും അവരുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുക തന്നെ ചെയ്യും.

ശാന്തി

പത്തായത്തിൽ നെല്ല് നിറച്ചു കഴിഞ്ഞപ്പോഴാണ് വാച്ച് നഷ്ടപ്പെട്ട കാര്യം കൃഷിക്കാരന് മനസിലായത്.പഴയതായിരുന്നെങ്കിലും വിവാഹവാച്ച് ആയിരുന്നതിനാൽ അതിനോട് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു.പത്തായത്തിൽ മുഴുവൻ തിരഞ്ഞെങ്കിലും വാച്ച് കണ്ടെത്താനായില്ല. അവസാനം റോഡിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് പറഞ്ഞു "പത്തായത്തിൽ വീണുപോയ എന്റെ വാച്ച് തപ്പി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സമ്മാനം നല്കും" സമ്മാനം എന്നു കേട്ടപ്പോൾ എല്ലാവരും കൂടി പത്തായത്തിനകത്തേക്കു ഓടിക്കയറി. കുറെ സമയം അവിടെയെല്ലാം നോക്കിയെങ്കിലും വാച്ച് കണ്ടെത്താനായില്ല.എല്ലാവരും തിരച്ചിൽ അവസാനിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞു "എനിക്കൊരവസരം തരുകയാണെങ്കിൽ വാച്ച് കണ്ടു പിടിക്കാം" കൃഷിക്കാരൻ സമ്മതിച്ചു അല്പ സമയം കഴിഞ്ഞ് പുറത്തു വന്നപ്പോൾ അവന്റെ കൈയിൽ വാച്ച് ഉണ്ടായിരുന്നു. കുഷിക്കാരന് അത്ഭുതമായി. "കുറെപ്പേർ ശ്രമിച്ചിട്ട് നടക്കാത്തത് എങ്ങനെയാണ് ഒറ്റയ്ക്ക് സാധിച്ചത്?" അയാൾ ചോദിച്ചു. " ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. അല്പസമയം ശാന്തനായി അവിടെ ഇരുന്നു. ആ നിശബ്ദതയിൽ വാച്ചിന്റെ സൂചിയുടെ ടിക്ക് ടിക്ക് ശബ്ദം കേട്ടു " കുട്ടി പറഞ്ഞു.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ശാന്തത നിറഞ്ഞ ഒരു മനസ് അനിവാര്യമാണ്.ശാന്തമായ ഹൃദയത്തോടെ എടുക്കുന്ന തീരുമാനങ്ങളാണ് വിജയത്തിൽ എത്തുന്നത്.
"പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു ''👌🏻👌🏻👌🏻

Wednesday, September 14, 2016

വിജയി

✍🏻*എന്‍റെ തുടക്കം*🌓
••••••••••••••••••••

💡ഇരുനൂറു മുതല്‍ മുന്നൂറു *ദശലക്ഷം* വരെ ബീജങ്ങള്‍ ആണ് ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്. ആ ബീജങ്ങളെല്ലാം അണ്ഡത്തെ  ലക്ഷ്യമാക്കി നീന്തിത്തുടങ്ങും. ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ *അഞ്ഞൂറ്* ബീജങ്ങള്‍ മാത്രമാണ് *ലക്ഷ്യത്തില്‍* എത്തിച്ചേരുന്നത്.  ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു..

💡അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും *ഒരു* ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് *സങ്കലനം* നടത്താന്‍ കഴിയുകയുള്ളൂ. ആ *വിജയി നിങ്ങളായിരുന്നു*!!

💡ഇതെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും *ചിന്തിച്ചിട്ടുണ്ടോ?* നിങ്ങള്‍ ഒരു ഓട്ടപ്പന്തയം  *ജയിച്ചത്‌* കണ്ണുകള്‍ ഇല്ലാതെയാണ്, നിങ്ങള്‍ പന്തയം ജയിച്ചത്‌ യാതൊരു *സര്‍ട്ടിഫിക്കറ്റും* നേടാതെയാണ്‌, ഒരു *വിരലടയാളവും* ഇല്ലാതെയാണ് നിങ്ങള്‍ ആ മത്സരത്തില്‍ പങ്കെടുത്തത്, നിങ്ങള്‍ക്ക് യാതൊരു *വിദ്യാഭ്യാസ യോഗ്യതയും* ഉണ്ടായിരുന്നില്ല,  എന്നിട്ടും നിങ്ങള്‍ *ജയിച്ചു,* ആരും *സഹായത്തിനുണ്ടായിരുന്നില്ല,*  എന്നിട്ടും നിങ്ങള്‍ *നേടി.*

💡പിന്നെ എന്തിനാണ് നിങ്ങള്‍ ഇപ്പോഴത്തെ *പരാജയത്തെ* ഭയപ്പെടുന്നത്. നിങ്ങള്‍ക്കിപ്പോള്‍  *കണ്ണുകളുണ്ട്,*  *കൈകളുണ്ട്,* *കാലുകളുണ്ട്,*  *വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളുമുണ്ട്.* *സഹായത്തിനു* ആളുകളുണ്ട്. സ്വന്തമായി ഒരു *പ്ലാന്‍* ഉണ്ട്.  *സ്വപ്നവും വിഷനും* ഉണ്ട്. 

💡ഇതൊന്നുമില്ലാതിരുന്നിട്ടും അന്ന് നിങ്ങള്‍ *പിന്തിരിഞ്ഞില്ല,*  നിങ്ങള്‍ *വിജയിക്കുകയും* ചെയ്തു.  ഇന്ന് നിങ്ങള്‍ *പിന്തിരിയുക* എന്നാല്‍ നിങ്ങളുടെ സൃഷ്ടാവിനോടുള്ള *നിന്ദയാണ്.*

💡ഇപ്പോള്‍ നിങ്ങള്‍ *കാണുന്നത്* എന്തോ ആവട്ടെ,

അന്ന് ഉമ്മയുടെ ഗര്‍ഭപാത്രത്തിലെ *വിജയി* നിങ്ങള്‍ ആയിരുന്നു,  *നിങ്ങള്‍ മാത്രം!*

നമ്മുടെ *ലക്ഷ്യത്തിലേക്കുള്ള* ഒരു ഓർമ്മപ്പെടുത്തലാകട്ടെ...
ഈ പെരുന്നാൾ *സുദിനം*...
(എഴുതിയ അജ്ഞാത സുഹൃത്തിനോട് കടപ്പാട്‌)

*തുറന്ന പുസ്തകം ഗ്രൂപ്പ്*.....
+971559433787©2016
|█║▌█║▌█║▌█|

നിക്ക്

ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ - നിക്ക് വ്യുജിചിച്ച്-

എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജീവിതം മടുത്ത് നിരാശ മുറ്റി പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്  നിക്ക് വ്യുജിചിച്ച് . രണ്ടു കയ്യും രണ്ടു കാലുമില്ലാത്ത അയാൾക്ക് മുങ്ങി മരിക്കാൻ  വെറും ഒരു ബാത്ത്ടബ് ധാരാളം  മതിയായിരുന്നു.

മറ്റു കുട്ടികളെല്ലാം പൂമ്പാറ്റകളെപ്പോലെ  പാറി നടന്നുല്ലസിക്കുന്നത്  കാണുമ്പോഴൊക്കെ തന്നെ ഈ രൂപത്തിൽ സൃഷ്ടിച്ച ദൈവത്തെ അവൻ  പഴിച്ചിരുന്നു. ഓസ്ട്രെലിയയിലെ മെൽബണ്‍ എന്ന സ്ഥലത്താണ് നിക്ക് ജനിച്ചത്. പിറന്നു വീണപ്പോൾ മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞിന്റെ രൂപം കണ്ട്  ശരിക്കും അമ്പരന്നു പോയി. കൈ തോളിൽ തന്നെ വച്ച് മുറിച്ചു മാറ്റപ്പെട്ടതുപോലെ; കാലുകളുടെ സ്ഥാനത്ത്  കുഞ്ഞു പാദം  പോലെ എന്തോ ഒന്ന് . ഡോക്ടർമാർ പറഞ്ഞു: "ഈ അവസ്ഥയ്ക്ക്   'ടെട്രാ അമീലിയ സിൻഡ്രോം' എന്ന് പറയും. വളരെ അപൂർവ്വമായി  കണ്ടു വരുന്ന ഒരു പ്രതിഭാസo

വൈദ്യശാസ്ത്രത്തിനു പ്രതിവിധികൾ ഒന്നുമില്ല. വിധി അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ".

തങ്ങളുടെ മകനെ മുറിക്കുള്ളിൽ തന്നെ ഒരു ഇഴജീവിയെപ്പോലെ വളർത്താൻ ആ മാതാപിതാക്കന്മാർക്ക്  മനസ്സ് വന്നില്ല. സ്കൂളിൽ ചേരാൻ പ്രായമായപ്പോൾ അവർ അവനെ സ്കൂളിൽ അയച്ചു. സഹോദരങ്ങൾ രണ്ടു പേരും അവന്  എല്ലാ കാര്യങ്ങൾക്കും സഹായമായി. എങ്കിലും ജീവിതം വല്ലാതെ ദുസ്സഹമായപ്പോഴാണ്  സങ്കടവും നിരാശയും നിറഞ്ഞ് നിക്ക്  പല തവണ ജീവിതമൊടുക്കാൻ തുനിഞ്ഞത്.

പക്ഷേ അവന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ ഒരു നാൾ അവൻ ഒരു തീരുമാനമെടുത്തു. താൻ ജീവിതത്തെ വെറുക്കുന്തോറും  തന്നെ ഇത്രമേൽ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും അത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അതു കൊണ്ട്  അവരെ സന്തോഷിപ്പിക്കാൻ ഞാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങും.  

കാലിന്റെ സ്ഥാനത്തുള്ള കുഞ്ഞു വിരലുകൾ കൊണ്ട് അവൻ ഏറെ ക്ലേശിച്ചാണെങ്കിലും എഴുതാനും ചിത്രം വരയ്ക്കാനും ശ്രമിച്ചു തുടങ്ങി. പതിയെ അവൻ നീന്താൻ പഠിച്ചു, ചെറിയ ചില വിനോദങ്ങളിൽ ഏർപ്പെട്ടു, സുഹൃത്തുക്കളായി,  ജീവിതത്തിനു ചെറിയ ഒരു വ്യത്യാസം വന്നതുപോലെ അവനു തോന്നിത്തുടങ്ങി .

പതിമൂന്നു വയസ്സുള്ളപ്പോൾ നിക്കിനെ ഏറെ ചിന്തിപ്പിച്ച ഒരു അനുഭവമുണ്ടായി. എല്ലാ കാര്യങ്ങളും ചെയ്യാൻ അവന് ആകെയുണ്ടായിരുന്ന കുഞ്ഞു പാദത്തിന്  ഗുരുതരമായ മുറിവേറ്റു. പരിക്ക് പറ്റി നിസ്സഹായനായി കിടന്ന നാളുകളിൽ അവൻ ഇങ്ങനെ ചിന്തിച്ചു. "ഇനി മേൽ ഞാൻ എനിക്ക് ഇല്ലാത്തവയെ പറ്റി പരാതിപ്പെടില്ല. ഉള്ളവയെ ഓർത്ത്  ദൈവത്തിനു നന്ദി പറയാൻ ശ്രമിക്കും". ഈ ചിന്ത അവന്റെ ജീവിതത്തെയാകെ സ്വാധീനിച്ചു തുടങ്ങി. ആ നാളുകളെക്കുറിച്ച്  നിക്ക് പറയുന്നതിങ്ങനെയാണ്:

"ഞാൻ ആ ദിവസങ്ങളിൽ ദൈവവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചു തുടങ്ങി. അന്നു വരെ പഴിച്ചിരുന്ന ദൈവത്തിനു ഞാൻ എല്ലാ കാര്യങ്ങൾക്കും നന്ദി പറഞ്ഞു തുടങ്ങി. രണ്ടു കയ്യും കാലുമില്ലെങ്കിലും അവിടുന്ന് എനിക്കീ സുന്ദരമായ  ഭൂമിയിൽ ഒരു ജീവിതം തന്നിട്ടുണ്ടല്ലോ".

മനോഭാവത്തിൽ വന്ന ഈ വ്യത്യാസം അവന്റെ ജീവിതമാകെ മാറ്റി മറിച്ചു. അന്നു വരെ തനിച്ചിരുന്നു കണ്ണ് നീർ വാർത്തിരുന്ന അവനിപ്പോൾ കുസൃതികൾ കാട്ടി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തുടങ്ങി.

മറ്റുള്ളവരുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നതാണ്  ജീവിതത്തിനു യഥാർഥത്തിൽ അർത്ഥം നല്കുന്നതെന്നു അവൻ തിരിച്ചറിഞ്ഞു.

നിക്കിന്  പതിനേഴു വയസ്സുള്ളപ്പോൾ   സ്കൂളിലെ ഒരു തൂപ്പുകാരൻ അവനോട്  ഒരിക്കൽ ഇങ്ങനെ ചോദിച്ചു: "നിക്ക്, നിനക്ക്  നിന്റെ ഈ ജീവിതത്തെക്കുറിച്ചും നീ ഇപ്പോൾ അനുഭവിക്കുന്ന സന്തൊഷത്തെക്കുറിച്ചും  മറ്റു കുട്ടികളോട്  പങ്കു വച്ചു കൂടേ! അവരൊക്കെ എന്ത്  നിസ്സാര കാര്യങ്ങളെക്കുറിച്ചാണ് വെറുതെ  വ്യസനിച്ചു കഴിയുന്നത്‌. നീ തീർച്ചയായും അവർക്കൊക്കെ ഒരു പ്രചോദനമാകും". അങ്ങനെയാണ് നിക്ക് ആദ്യമായി ഏതാണ്ട് മുപ്പതു കുട്ടികളടങ്ങുന്ന സ്കൂളിലെ ഒരു ചെറിയ ഗ്രൂപ്പിനോട്  തന്റെ കഥ പറഞ്ഞത് .

ഏതാനും നാളുകൾക്കുള്ളിൽത്തന്നെ തന്റെ  ജീവിത കഥ സ്കൂളിലെ മറ്റു ക്ലാസ്സ്‌ റൂമുകളിലും  പങ്കുവയ്ക്കാൻ അധ്യാപകർ അവനെ പ്രേരിപ്പിച്ചു. ഒരിക്കൽ അവന്  ഏതാണ്ട് മുന്നൂറോളം പത്താം ക്ലാസ്സ് വിദ്യാർഥികളടങ്ങുന്ന ഒരു ഗ്രൂപ്പിനോട് സംസാരിക്കാൻ അവസരം കിട്ടി.

ആദ്യമായി അത്രയും വലിയ ഒരു ഗ്രൂപ്പിനെ അഭിമുഖീകരിച്ച്  സംസാരിച്ചപ്പോൾ വല്ലാതെ ഭയന്നാണത്രേ അവൻ സ്റ്റേജിൽ നിന്നത്. എന്നാൽ, അവൻ സംസാരിച്ചു തുടങ്ങി രണ്ടു മൂന്നു മിനിറ്റുകൾ കഴിഞ്ഞപ്പോൾത്തന്നെ കുട്ടികൾ പലരുടെയും കണ്ണുനിറഞ്ഞു. 

ഒരു പെണ്‍കുട്ടി എങ്ങലടിച്ച് കരഞ്ഞു തുടങ്ങി. അവൾ എഴുന്നേറ്റ്  നിന്ന് ഇങ്ങനെ ചോദിച്ചു:"നിക്ക്,  നിന്നെ ഞാൻ തടസ്സപ്പെടുത്തുന്നതിൽ ക്ഷമിക്കണം. എനിക്ക്  നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു". അവൾ എഴുന്നേറ്റു വന്ന്  നിക്കിനെ പുണർന്നു കൊണ്ട് ചെവിയിൽ മന്ത്രിച്ചു: "നന്ദി നിക്ക് . ഇന്ന് വരെ ഞാൻ എത്ര മാത്രം സ്നേഹയോഗ്യയാണെന്നും എന്തു മാത്രം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവളാണെന്നും ഞാൻ ചിന്തിച്ചിരുന്നില്ല. താങ്കൾ എന്റെ കണ്ണു തുറപ്പിച്ചു".

പ്രസംഗം കഴിഞ്ഞപ്പോൾ അവിടുണ്ടായിരുന്നവരെല്ലാം വന്ന് നിക്കിനെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീർവാർത്തു അഭിനന്ദിക്കുകയും തങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി പറയുകയും ചെയ്തു.

അന്നു മുതൽ പിന്നീടങ്ങോട്ട്  നിക്കിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനോടകം 60  രാജ്യങ്ങളിലായി 3000 - ത്തിൽ അധികം വേദികളിൽ നിക്ക് പതിനായിരങ്ങളോട്  ജീവിതത്തിന്റെ മഹത്വത്തെത്തെക്കുറിച്ചും, മനോഭാവത്തിൽ വരുത്തുന്ന പോസിറ്റീവായ ഒരു മാറ്റത്തിലൂടെ എങ്ങനെ ജീവിതമാകെ മാറ്റി മറിക്കാമെന്നതിനെക്കുറിച്ചും ഹൃദയ സ്പർശിയായി സംസാരിച്ചു കഴിഞ്ഞു.

നിക്കിന്റെ ശ്രോതാക്കളിൽ വിദ്യാർഥികൾ, അധ്യാപകർ,  കമ്പനി മാനേജർമാർ, രാഷ്ട്ര നേതാക്കൾ ഒക്കെ ഉൾപ്പെടുന്നു.  ഗ്രിഫിത്ത് യൂണിവേർസിറ്റിയിൽ നിന്ന് കോമേഴ്സിൽ ബിരുദമെടുത്ത നിക്ക്  ഇന്ന് "ലൈഫ് വിത്തൌട്ട്  ലിംബ്സ് " എന്ന സംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ് . ഈ സംഘടനയിലൂടെ വളരെയേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അയാൾ ചെയ്തു കഴിഞ്ഞു. നിക്ക് എഴുതിയ "ലൈഫ് വിത്തൌട്ട് ലിംബ്സ് " എന്ന പുസ്തകം ബെസ്റ്റ് സെല്ലർ ആയി. അദ്ദേഹം  അഭിനയിച്ച "ബട്ടർ ഫ്ലൈ സർക്കസ് " എന്ന ഷോർട്ട് ഫിലിം അനവധി അവാർഡ് കൾ നേടിക്കഴിഞ്ഞു. നിക്ക് പുറത്തിറക്കിയ "നോ ആംസ് ,നോ ലെഗ്സ്‌ നോ വറീസ് " എന്ന ഡി.വി.ഡി. ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി.

എന്തിനേറെ, രണ്ടു കയ്യും കാലുമില്ലാത്ത നിക്കിന്റെ ജീവിതത്തിലേയ്ക്ക്  അതീവ സുന്ദരിയായ കനെ മിയാര എന്ന് പേരുള്ള ഒരു  പെണ്‍കുട്ടി ജീവിത സഖിയായെത്തി. ഇന്ന് പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിനോടൊപ്പം അദ്ദേഹം തികഞ്ഞ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നു.

"നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കാത്തിരുന്നിട്ടും യാതൊരു അത്ഭുതവും സംഭവിക്കുന്നില്ലേ? എങ്കിൽ ഇനി വൈകണ്ട. നിങ്ങൾത്തന്നെ ഒരത്ഭുതമാകുക"

നിക്ക്  എല്ലാ വേദികളിലും നല്കുന്ന ഒരു സന്ദേശമാണിത്. നിക്കിന്റെ അഭിപ്രായത്തിൽ,"എന്നെ ഒന്നിനും കൊള്ളില്ല" എന്നതാണ് ഒരുവന് പറയാവുന്ന ഏറ്റവും വലിയ നുണ.

നമ്മളൊക്കെ തെറ്റുകൾ വരുത്താറുണ്ട്  ജീവിതത്തിൽ; എന്നാൽ, നമ്മെ നാം ആയിരിക്കുന്ന രൂപത്തിൽ, കുടുംബത്തിൽ, സാഹചര്യങ്ങളിൽ നമ്മെ സൃഷ്ടിച്ചതിലൂടെ ദൈവം ഒരു തെറ്റ് വരുത്തുകയായിരുന്നില്ല. അങ്ങനെയാണെന്ന മട്ടിൽ സ്വന്തം ജീവിതത്തെ കാണുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നെങ്കിൽ അതാണ്  തെറ്റ്.

നിക്ക് തന്റെ ജീവിതത്തിലൂടെ നമുക്ക്  തരുന്ന സന്ദേശമിതാണ്.